Balasankar C

Balasankar C

Geek. Freedom. Privacy.

Home | Blog | Talks | Setup | Feed

ആഷാഢരാത്രിയിലെ ചന്ദ്രോത്സവങ്ങൾ

ഇനിയും വരില്ലെ നീ, യിരവിന്റെയാഴത്തി-
ലിഷ്ടം പകർത്തുമെന്നാഷാഢ പൗർണ്ണമി?
എൻകനവിലുള്ള മിനാരങ്ങൾക്കു മേലെയായ്
വെള്ളിവെളിച്ചം പരത്തുകയില്ലിനി?
ഒരു ചെറുകാറ്റിനാലെന്നെത്തണുപ്പിച്ചു-
മിടറുന്നചാറ്റലിൻ കുളിരിൽപ്പുതപ്പിച്ചും
വേദനയെല്ലാമെടുത്തു നീക്കീടുവാൻ
വേർപിരിയാത്തൊരെൻ കാമിനി പോൽ ശേഷിച്ച നാളിലെൻ ചാന്ദ്രായനങ്ങളി-
ലാമഗ്നമാകും വിഷാദരാഗങ്ങളി-
ലെന്നിലെയെന്നെ മറക്കാൻ പഠിപ്പിച്ചു-
വെന്നുള്ളിലുള്ളൊരു താപവും നീക്കി നീ
ആത്മാവിലൂറുന്നൊരബ്‌ഭ്രാന്തചിന്തകൾ-
ക്കന്ത്യം വരുത്തുവാനെത്തുകയില്ലെ നീ?
ഇനിയെന്റെ പ്രാണന്റെ ചന്ദ്രോത്സവങ്ങളി-
ലിക്കിളി കൂട്ടുവാൻ വന്നെത്തിടില്ലെ നീ? ചൈത്രവും പൊയ്പോയ്, നിറഞ്ഞ വൈശാഖവും
വസന്തം, ശരത്തു,മാ ഗ്രീഷ്മാതപങ്ങളും
ആനന്ദമേകുന്ന ഹേമന്തസൂര്യനു-
മാതങ്കമേകിയകന്നുപോകുന്നിതാ
എത്രപേർ പോയാലുമിനിയുള്ള നാളുക-
ളിലിച്ഛകൾ തൻ കടം തീർക്കുവാനായൊരീ-
യാഷാഢരാവിന്റെയാദികാവ്യത്തിലെ-
ന്നാരണ്യകാണ്ഡങ്ങളാടിത്തിമിർപ്പു ഞാൻ.