മൗനത്തിന്റെ, രോഷത്തിന്റെ വാൽമീകം പുതച്ചുകിടന്ന എന്റെ മനസ്സിലേക്ക്, പുലർകാല സൂര്യന്റെ കിരണങ്ങൾ കൊണ്ടുവന്നവൾ. എന്നിലെ ശ്വാസനിശ്വാസങ്ങളുടെ തുടിതാളത്തിനൊപ്പിച്ച് ചുവടുവെച്ചവൾ. പ്രണയമെന്ന വിപ്ലവത്തേയും, കലാപത്തേയും എന്റെ മനസ്സിലേക്ക് ആവാഹിച്ചവൾ. ആ മനസ്സിന്റെ ഋതുഭേദങ്ങൾ മനസ്സിലാക്കി, എന്നിലെ പാലാഴിയും, തീക്കടലും കൈയടക്കിയവൾ. ഒഴിയാത്ത ചഷകം പോലെ സ്നേഹം പകർന്നവൾ. എനിക്ക് വിങ്ങിപ്പൊട്ടാൻ ഒരു ചുമലും, ചുംബിക്കാൻ ഒരു ചുണ്ടും തന്നവൾ. എന്റെ കുത്തിക്കുറിക്കലുകളും, ഭ്രാന്തചിന്തകളും മുഖം കറുപ്പിക്കാതെ വായിച്ച്, വിമർശിച്ചിരുന്നവൾ. രാവിരുട്ടിവെളുക്കുവോളും വിശേഷം പങ്കുവെച്ചവൾ. തോളോടു തോൾ ചേർന്നിരുന്ന് ആഹാരം പങ്കിടാൻ കൂടെയുണ്ടായിരുന്നവൾ. മുതുകോടു മുതുകു ചേർന്നിരുന്ന്, ഒരു പുസ്തകം തീരും വരെ കൂടെയുണ്ടായിരുന്നവൾ. കോരിച്ചൊരിയുന്ന മഴയത്ത്, വീടെത്തുവോളും കൈപിടിച്ച് നടന്നവൾ. മഞ്ഞിന്റെ പുതപ്പിനടിയിൽ, ഒരാലിംഗനം കൊണ്ട് ചൂടു പകർന്നവൾ. പണിക്കർ പാടിയ പോലെ - “പിരിയാതെ ശുഭരാത്രി പറയാതെ” സദാസമയവും എന്റെ അരികിൽ, എന്റെ കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നവൾ. അവസാനം, “ഇനിയുള്ള ജന്മത്തിൽ നമുക്കൊന്നിക്കാ”മെന്ന് ക്ലീഷേ ആവർത്തിക്കാതെ, ക്രൂരമായ അവസരവാദലോകത്തോ പോരടിക്കാൻ എന്നെ പഠിപ്പിച്ചവൾ. ആശകൾ ആകാശം തൊടണമെന്ന ശുദ്ധ വിഡ്ഡിത്തം തിരുത്തി, ഉയരം കൂടുന്തോറും വീഴ്ചയുടെ ആക്കവും കൂടുമെന്ന് വീണ്ടും തെളിയിച്ചവൾ. അവസാനം മറ്റൊരാളിന്റെ വലം കൈ പിടിച്ച്, അച്ഛൻ ഓതിയ “സഹധർമ്മം ചരത” അനുസരിക്കാമെന്നുറപ്പു കൊടുത്ത്, അഗ്നിക്ക് ഏഴു വലം വെച്ച് പടിയിറങ്ങുമ്പോൾ ഒരു പിൻനോട്ടം കൊണ്ടുപോലും എന്നെ നോവിക്കാതെ പോയവൾ. ഒടുവിൽ എന്റെ കണ്ണടയുമ്പോൾ, അവസാന ചിത്രമായ്, എന്റെ മുന്നിൽ പുഞ്ചിരിച്ചു നിന്നവൾ.
Balasankar C
Geek. Freedom. Privacy.