Balasankar C

Balasankar C

Geek. Freedom. Privacy.

Home | Blog | Talks | Setup | Feed

എന്നുമെന്നുമണയാതെ...

ഒരേ കളിപ്പാട്ട, മൊരേ കളിക്കൂ-
ട്ടൊരേ കളിത്തൊട്ടി, ലൊരേ വികാരം 
ഒരാൾക്ക് മറ്റാൾതണലീ നിലക്കാ-
യിരുന്നു ഹാ! കൊച്ചു കിടാങ്ങൾ ഞങ്ങൾ

സൗഹൃദം എന്നതിന് എനിക്ക് ലളിതമായ ഒരു വിശദീകരണമേ കൊടുക്കാനുള്ളൂ. ഒരു രൂപയുടെ മിഠായി പോലും പരസ്പരം പങ്കുവെയ്ക്കാതെ കഴിക്കാൻ സാധിക്കാത്ത ആ നിഷ്കളങ്കത.പിന്നെ സാഹിത്യപരമായി പറഞ്ഞാൽ എനിക്ക് സൗഹൃദം എന്നത് ചൈത്രരാത്രികളിൽ മണ്ണിനെ പുൽകാൻ എത്തുന്ന നിലാവ് പോലെയാണ്. മണ്ണിനും മനുഷ്യനും സുഖകരമായ തണുപ്പ് നൽകിക്കൊണ്ട്, മന്ദമായ കുളിർകാറ്റിനാൽ കിന്നാരം ചൊല്ലിക്കൊണ്ട് അവൾ എത്തുന്നത് പോലെ, എന്റെ സൗഹൃദം എന്റെ ഉഷ്ണപൂർണ്ണമായ രാവുകളെ കുളിർകോരിയണിയിക്കുവാൻ എത്തുന്നു. സൗഹൃദം തുടങ്ങിയത് എന്നാണെന്നോർമ്മയില്ലെങ്കിലും, അതിന്റെ ആഴങ്ങൾ അറിഞ്ഞത് കുറച്ച് മുതിർന്ന ശേഷമാണ്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ സായാഹ്നകാലം.

രാവ് മയങ്ങുവോളം നീളുന്ന വിശേഷം പറച്ചിലുകളും, കൊച്ച് കൊച്ച് പിണക്കങ്ങളും, നൊമ്പരങ്ങൾക്കും അപകർഷതാബോധങ്ങൾക്കുമുള്ള ആശ്വസിപ്പിക്കലുകളും, ജീവിതത്തിലെ ചില സങ്കടപ്പെടുത്തുന്ന ഓർമ്മകളെ പൊരുതി തോൽപ്പിക്കാനുള്ള പ്രോത്സാഹനം നൽകലും ഒക്കെയുമായി കുറേ നാളുകൾ. കഴിഞ്ഞ കുറേ വർഷങ്ങളായി മനസ്സിൽ കെട്ടിനിറച്ചതെല്ലാം സുഹൃത്തിനു മുന്നിൽ തുറന്നിടുന്നതിനാൽ, രാപ്പകൽ ഭേദമില്ലാതെ ആ നാളുകൾ സംഭവബഹുലമായി തന്നെ കടന്നുപോയെ.

കാലങ്ങളായി പേറി നടക്കുന്ന ഓർമ്മകളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോൾ ഒലിച്ചുവന്ന മലവെള്ളപ്പാച്ചിൽ, ഒരു നിമിഷാർദ്ധം കൊണ്ട് അവസാനുച്ചു. വിശേഷങ്ങളുടെ പ്രളയം തീർന്നപ്പോൾ, ഇനിയെന്ത് എന്ന ചോദ്യത്തോടെ, അതിഭീകരമായ ശൂന്യത മാത്രം അവശേഷിച്ചു. പറയാൻ വിശേഷമൊന്നുമില്ലാതെ, സൗഹൃദം തന്നെ കൈമോശം വന്നുപോകുമോ എന്ന ഭയപ്പാടോടെ തള്ളി നീക്കിയ രാവുകൾ. എല്ലാം തുറന്നുപറയാൻ കിട്ടിയ കാതുകൾ, അകന്നുപോവുകയാണോ എന്ന ആശങ്ക മനസ്സിനെ കലുഷിതമാക്കി. സൗഹൃദം സംരക്ഷിക്കാൻ വേണ്ടി മാത്രം വിഷയങ്ങൾ കഷ്ടപ്പെട്ട് കണ്ടെത്തി പങ്കുവെയ്ക്കാൻ ശ്രമിച്ച നാളുകൾ. പുതുതായി തുറന്ന കലാലയലോകത്തിന്റെ വർണ്ണരാജികളിലും, സൗഹൃദാബ്ധിയിലും മുങ്ങി, ഈ സൗഹൃദം നഷ്ടമാകുമെന്ന സ്ഥിതിയിൽ വരെയെത്തിയ നിമിഷങ്ങൾ.

ദിവസത്തിൽ ഒരു തവണയെങ്കിലും മനസ്സുതുറന്ന് സംസാരിക്കാനുള്ള ശ്രമങ്ങൾ നിർദ്ദയം വിഫലമാകുന്നു. ഒരാൾക്ക് സമയമുണ്ടാകുമ്പോൾ മറ്റേയാൾ തിരക്കിലാകുന്നു എന്ന അവസ്ഥ, പരസ്പരമുള്ള കെമിസ്ട്രി തന്നെ തകർന്നുതുടങ്ങിയോ എന്ന സംശയം ജനിപ്പിച്ചു. സൗഹൃദത്തിന്റെ മൂലാധാരമായ ആ സമാനതകൾ, നഷ്ടമകുന്നുവോയെന്ന ഭീതി മാത്രം ശേഷിച്ചു.

പതിയെ പതിയ, കലാലയ വർണ്ണങ്ങളിലെ കറുപ്പും, ആ വയലേലകളിലെ നെല്ലും പതിരും തിരിച്ചറിയാൻ തുടങ്ങിയപ്പോൾ, രണ്ടുപറ പതിരിന്, നാല് മണി നെല്ല് എന്ന അളവിലാണ് ആ സൗഹൃദങ്ങളിലെ ആത്മാർത്ഥത എന്ന ഞെട്ടിക്കുന്ന തിരിച്ചറിവ്, കൈമോശം വരാൻ തുടങ്ങിയ സൗഹൃദത്തിനെ, മുങ്ങിത്താഴുമ്പോൾ കിട്ടുന്ന കച്ചിത്തുരുമ്പിൽ കയ്യെത്തിപ്പിടിക്കാനുള്ള വെമ്പലിൽ, ചെന്നെത്തിച്ചു. കലാലയത്തിൽ നടക്കുന്ന ഓരോ ചെറിയ കാര്യങ്ങളും, എന്തിന്, സൂര്യന് താഴെ നടക്കുന്ന മാനിനേയും, മയിലിനേയും, പൂവിനേയും, പുഴുവിനേയും, പുൽച്ചാടിയേയും, കാറ്റിനേയും, മരങ്ങളേയും, എന്തിന് അജവും ഗജവുമടക്കം എല്ലാ പൊട്ടും പൊടിയും പെറുക്കിയെടുത്ത് മറ്റെയാളെ ഏൽപ്പിക്കാൻ തുടങ്ങുന്നതിലൂടെ, പണ്ടുണ്ടായിരുന്ന രാവിരുട്ടിവെളുക്കുവോളമുള്ള സംഭാഷണപ്പഴമ പുനർജ്ജനി നൂണ്ടു തുടങ്ങി. സൗഹൃദത്തിന്റെ പുരാവൃത്തങ്ങൾ തിരികെയെത്തി.

പിന്നെപ്പിന്നെ, ആ സൗഹൃദം എന്നത് അടങ്ങാത്ത ആവേശമായി. മനസ്സിനെ നൃത്തം ചെയ്യിക്കാൻ തുടങ്ങി. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, എന്തിന്, കാണുന്ന ദിവാസ്വപ്നങ്ങളിൽ വരെ സൗഹൃദം ഒരു പൂക്കാലം വിടർത്തി. ഏറ്റവും രസകരം, കലാലയത്തിലെ സുഹൃത്തുക്കളോട് നടത്തുന്ന ഏത് സംഭാഷണത്തിലും ആ സൗഹൃദം ഉൾക്കൊള്ളിക്കാൻ ശ്രമിച്ച് തുടങ്ങി. അതിൽ നിഗൂഢമായൊരു ആനന്ദം അനുഭവിക്കാൻ തുടങ്ങി. “എനിക്ക് ഇത്രയും തീവ്രമായ ഒരു സൗഹൃദം ഉണ്ട്, അതിനെ നിങ്ങൾ എല്ലാം അത്ഭുതത്തോടെ വീക്ഷിക്കണം” എന്ന ബാലിശമായ ആഗ്രഹം ഈ ലോകത്തിനോട് തന്നെ വിളിച്ച് പറയാനുള്ള ഒരു ത്വര, എവിടെ നിന്നോ വന്ന് മനസ്സിൽ നിറഞ്ഞു. ആ സുഹൃത്ത്, തന്റെ മറ്റുള്ള സുഹൃത്തുക്കളെ പറ്റി പറയുന്ന ഓരോ വാക്കുകളും കൂരമ്പുകളായ് മനസ്സിൽ തറഞ്ഞു കയറാൻ തുടങ്ങി. “എന്നെക്കാൾ സ്നേഹം അയാളോടാണല്ലേ” എന്ന സ്വാർത്ഥത പുരണ്ട, അസൂയ കലർന്ന വിഷാദം ഉറക്കം കെടുത്താൻ തുടങ്ങി. പതിയെ പതിയെ അതും മാറി. സൗഹൃദം നിർവ്വാണസമമായ തലത്തിലേക്ക് ഉയർന്ന് തുടങ്ങി. മനസ്സിലെ കോട്ടകൊത്തളങ്ങൾക്കും, മിനാരങ്ങൾക്കും അപ്പുറത്ത്, ചിന്തകൾ, വികാരങ്ങൾ എന്ന ക്രൂരമൃഗങ്ങൾ വാഴുന്ന നിഗൂഢമായ കാന്താരത്തിനും അഗ്നിപർവ്വതങ്ങൾക്കും അപ്പുറത്ത്, ഏഴാം കടലിന്റെ സ്ഫടികസമാനതയും കടന്ന്, രാവേത് പകലേത് നിറമേത് ഭാവമേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത കേന്ദ്രബിന്ദുവിലേക്ക് ആ സൗഹൃദം എത്തിച്ചേർന്നു. ജീവിക്കുന്നതിന്റെ തന്നെ പരമമായ കാരണം, ആ സൗഹൃദമായിത്തീർന്നു.

ഒരു സുഹൃത്തായി, പ്രണയിനിയായി, സഹോദരിയായി, കാമിനിയിയായി, മാതാവായി, അദ്ധ്യാപികയായി, മനസ്സാക്ഷിസൂക്ഷിപ്പുകാരിയായി അവൾ മാറി. എന്നെക്കാൾ നന്നായി എന്നിലെ എന്നെ അറിയാൻ തുടങ്ങിയവൾ. ഇതിലും ആഴത്തിൽ എന്നെ മനസ്സിലാക്കാൻ, സ്പർശ്ശിക്കാൻ, സ്വാധീനിക്കാൻ, സ്നേഹിക്കാൻ കഴിയുന്ന ഒരാൾ ഇനിയുണ്ടാവില്ലെന്ന വിശ്വാസം അതിന്റെ മൂർദ്ധന്യത്തിലെത്തി. നേരത്തെ ഉണ്ടായിരുന്ന അസൂയയും കുശുമ്പും മാറി, നിത്യവിശുദ്ധമായ തെളിനിലാവൊളിയുടെ നിർമ്മലതയും, കുളിർമ്മയും മാത്രം മനസ്സിൽ ബാക്കിയായി. ആ സുഹൃത്തിനോട് സംവദിക്കുമ്പോൾ, ആ പഴയ കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്ക് മനസ്സ് പരിവർത്തനം ചെയ്യപ്പെടുന്നു. തെളിഞ്ഞ ജലം പോലെ, മനസ്സ് അനാവരണം ചെയ്യപ്പെടുന്നു.

എവിടെയോ കേട്ട പാട്ട് അച്ചട്ടാണെന്നെന്റെ അനുഭവം സാക്ഷി

എന്നുമെന്നുമണയാതെ ശോഭ ചൊരിയുന്ന ദീപമേ സൗഹൃദം.
ദീപനാളമായ് താപമായ് സൂര്യശോഭയായൊരീ സൗഹൃദം