ഈ മഴ ഒരു ഓർമ്മപ്പെടുത്തലാണ്. കാലചക്രമുരുളുമ്പോളും, ബന്ധങ്ങളിൽ മായത്തിന്റെ അളവ് കൂടുമ്പോളും, പലതും വിസ്മൃതിയിലാഴുമ്പോളും, മരിക്കാതെ നിൽക്കുന്ന ചില സൗഹൃദങ്ങൾ ഉണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ. ചുട്ടുപഴുത്ത രാത്രികളിൽ ഒരു കുളിർത്തെന്നലായി മഴ വരും പോലെ, ഊഷരമായ ജീവിതസന്ധികളിൽ, ഒരു നനുത്ത സ്പർശമേകാൻ ചില സൗഹൃദങ്ങൾ ബാക്കി ഉണ്ടാകും എന്ന ഓർമ്മപ്പെടുത്തൽ. കാലങ്ങളേയും, ദേശങ്ങളേയും കടന്ന് അവ എന്നും നിലകൊള്ളും എന്നുള്ളതിന്റെ ഓർമ്മപ്പെടുത്തൽ. മനസ്സിൽ മൂടിവെച്ച നൊമ്പരങ്ങൾ അണപൊട്ടി പുറത്തു വരുമ്പോൾ, ഹൃദയം നുറുങ്ങുന്ന വേദന ജീവിതം അർത്ഥശൂന്യമാണെന്ന് വരെ തോന്നിപ്പിക്കുമ്പോൾ, സ്നേഹത്തോടെ ശാസിച്ച് നേർവഴിക്ക് നടത്താൻ ഒരനിയത്തിയായി, ഹൃദയം തുറക്കുമ്പോൾ മടുപ്പ് കാണിക്കാത്ത ഒരു തോഴിയായി, മഴയത്ത് മനസ്സിൽ വിരിയുന്ന പ്രണയം പറയുവാനെന്റെ സഖിയായി ഒരുവൾ ഉണ്ടെന്നുള്ളതിന് ഒരു സാക്ഷ്യപത്രം. എന്റെ തലക്ക് മുകളിൽ, ഒരു ചെറു മർമ്മരത്തോടെ പെയ്തിറങ്ങുന്നത് പ്രിയപ്പെട്ടവരുടെ സ്നേഹമോ, അതോ കണ്ണീരോ?? മഴ പെയ്യുകയാണ്, നനുത്ത ഒരു സ്പർശമായി എന്നെ പൊതിയുകയാണ്. ഒരാലിംഗനത്തിന്റെ, മധുരോദാത്തമായ ഒരു ചുംബനത്തിന്റെ ചൂടിനായി മനസ്സും ശരീരവും കൊതിക്കുമ്പോൾ, മഴച്ചാറ്റൽ എന്റെ കാതിൽ മൂളിയത് അവളുടെ ശബ്ദമായിരുന്നു.
കാണുന്നു ഞാൻ നിന്നെ-
യെന്റെ സ്വപ്നങ്ങളിൽ
കേൾക്കുന്നു ഞാൻ നിന്റെ
മധുരസ്വരങ്ങളും
എന്നിലെ കുയിലിന്റെ
ഗാനത്തിനുള്ളിലും
താളം ചവിട്ടുന്ന
മയിലിന്റെയഴകിലും
അറിയുന്നു ഞാൻ നിന്റെ-
യാത്മഹർഷങ്ങളും
ഉള്ളിൽ തുടിക്കുന്ന
വിസ്മയലോകവും
നിന്നിലെ കവിതയെ
പാടിയുണർത്തുവാൻ
എന്നിലെ പ്രാണനെ
അങ്ങയക്കുന്നു ഞാൻ.
ഈ മഴ എന്നുടെ-
യാത്മാനുരാഗവും
വീശുന്ന കാറ്റെന്റെ
ജീവനശ്വാസവും.
ഏറു നീ ഇന്നെന്റെ-
യാലിംഗനത്തിന്റെ-
യാരോരുമറിയാത്ത
ദേവരഥങ്ങളിൽ…