Balasankar C

Balasankar C

Geek. Freedom. Privacy.

Home | Blog | Talks | Setup | Feed

പകലിരവുകളുടെ പുത്രി

ഇത്തവണത്തെ കോളേജ് ആർട്ട്സിൽ മലയാള കവിത രചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച എന്റെ കവിത. നാട്ടുകാരുടെ അടുത്ത് അഹങ്കാരം കാണിക്കാൻ വേണ്ടി ഇവിടെ ഇടുന്നു 

മത്സരത്തിന്റെ വിഷയം : ഉഷസ്സന്ധ്യ

പുലർമഞ്ഞു പൊഴിയുന്ന യാമങ്ങളിൽ
കളകളം കേൾക്കുന്ന നേരങ്ങളിൽ
ചെമ്പകപ്പൂമണം ഒഴുകിയെത്തുന്നിതാ
ചെമ്പട്ടണിഞ്ഞൊരു കാമിനി പോൽ
ഇരവിന്റെ അറുതിയും പകലിന്റെ പൊറുതിയും
പ്രകൃതി തൻ ഉത്ഥാന സൗന്ദര്യവും
രാത്രിതൻ പുത്രിയായ്, രാഗേന്ദുകിരണമായ്
ഉഷസ്സന്ധ്യയെന്മുന്നിൽ നൃത്തമാടി
അവളുടെ കാൽകളിൽ രജനിതൻ തളകളും
നെറ്റിയിൽ പുലരിതൻ കുങ്കുമവും
ബ്രാഹ്മമുഹൂർത്തവും സരസ്വതീയാമവും
ഇരുവശം നിന്നു നിൻ പൂജ ചെയ്കേ
പൂങ്കോഴിതൻ ഗാനമെന്നും നിനക്കുള്ള
പ്രിയതരമാമൊരു സ്വാഗതോക്തി
ചെമ്മൺ നിറമുള്ള ചേവടി വെച്ചു നീ
കണ്ണിന്നു കുളിരായി വന്നു നിന്നു
നിന്നുടെ മധുരമാം ആലിംഗനസ്പർശ-
മെന്നുടെയാലസ്യമൊക്കെ നീക്കി
കേവല നിമിഷങ്ങൾ കൊണ്ടു നീ പോകിലും
കേഴുന്നു ഞാൻ, “നീ പോയിടൊല്ലേ”