FOSS ലോകത്തെ അനുമതികൾ
ഒരു പ്രയോഗം, ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം എന്ന് രേഖപ്പെടുത്തി വയ്ക്കുന്ന സംവിധാനമാണ് ലൈസൻസിങ്ങ്. മറ്റൊരാൾക്ക് കാണാൻ മാത്രം, കാണാനും തിരുത്താനും, കണ്ട് തിരുത്തി വേറൊരു പേരിൽ പുറത്തിറക്കാൻ, ഇങ്ങനെ പലരീതിയിലും അനുമതി ഏർപ്പെടുത്താം. സ്വതന്ത്ര പ്രയോഗം ലോകത്തെ, ചില അനുമതികളെ (ലൈസൻസുകളെ) പറ്റി പറയാം.
GNU General Public License
ആദ്യമായി, ഗ്നു സാർവ്വ ജനിക അനുമതി അഥവാ GNU General Public License എന്നതിനെ പറ്റി പറയാം. സ്വതന്ത്ര അനുമതികളിൽ ഏറ്റവും മുൻപന്തിയിൽ കേൾക്കുന്ന ഒരു പേരാണ് ഇത്. Free Software Foundationന്റെ ഭാഗമായി റിച്ചാർഡ് സ്റ്റാൾമാനാണ് ഈ അനുമതി ഉണ്ടാക്കിയത്. ഈ അനുമതി, സ്വതന്ത്ര പ്രയോഗം ഫൗണ്ടേഷൻ പറയുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്നു. എനിക്ക് എളുപ്പത്തിന്, പോയിന്റുകൾ ആയിട്ട് പറയാം.
- ഒരു പ്രയോഗം GNU GPLഇൽ ആണെങ്കിൽ, അത് ഒരു സ്വതന്ത്ര പ്രയോഗം ആണ്.
- അതിന്റെ സോഴ്സ് കോഡ് ആർക്കും ലഭിക്കും. അത് ആർക്ക് വേണമെങ്കിലും, പങ്കുവെയ്ക്കാം, തിരുത്താം, തിരുത്തിയ വേർഷൻ പുറത്തിറക്കാം.
- പക്ഷേ, അതിൽ നിന്ന് ഉണ്ടാക്കുന്ന ഏതൊരു ഉത്ഭവസൃഷ്ടിയും (Derivative Work), അതേ അനുമതിയിൽ തന്നെ ആയിരിക്കണം. അതായത്, GNU GPLഇൽ ഉള്ള ഒരു പ്രയോഗത്തിലെകോഡ് മാറ്റം വരുത്തി ഒരു ക്ലോസ്ഡ് സോഴ്സ് പ്രയോഗം ഉണ്ടാക്കാൻ സാധിക്കില്ല.
അച്ഛൻ സ്വതന്ത്രനാണെങ്കിൽ, പിള്ളേരെല്ലാം സ്വതന്ത്രന്മാർ തന്നെയായിരിക്കണം.
ഉദാഹരണം : ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
ചുരുക്കി പറഞ്ഞാൽ, ഗ്നുവിന്റെ തത്വചിന്തയെ ഇങ്ങനെ വിശദീകരിക്കാം.
"ഞാൻ എങ്ങനെ നിങ്ങളുടെ സ്വാതന്ത്ര്യത്തെ വിലകൽപിച്ചുവോ അപ്രകാരം നിങ്ങൾ മറ്റുള്ളവരുടേയും സ്വാതന്ത്ര്യത്തെ വിലകൽപിക്കുക"
Apache License
അടുത്തതായി, അപ്പാഷേ അനുമതിയെ കുറിച്ച് പറയാം. അപ്പാഷേ അനുമതി ഒരു പെർമ്മിസീവ്(permissive) സ്വതന്ത്ര അനുമതി ആണ്. ഒരു പ്രയോഗം പെർമ്മിസീവ് അനുമതിയിൽ ആണ് എന്ന് വച്ചാൽ, ആ പ്രയോഗത്തിൽ നിന്നും സൃഷ്ടിക്കുന്ന ഉത്ഭവസൃഷ്ടികൾ, വേറെ ഏത് അനുമതിയുടെ കീഴിലും ഇറക്കാം. അത് ഒരു ക്ലോസ്ഡ് സോഴ്സ് പോലുമാവാം. ഇതൊക്കെ ആണെങ്കിലും, അപ്പാഷെ അനുമതിയും ഒരു സ്വതന്ത്ര അനുമതി ആണു്. ഇതും, ഗ്നു പബ്ലിക് അനുമതിയും പരസ്പരം പൊരുത്തമുള്ളവ (Compatible) ആണു്. അപ്പാഷേ അനുമതിയിൽ ഇറക്കിയ ഒരു പ്രയോഗം, ജിപിഎൽ അനുമതിയിൽ ഇറക്കിയ ഒരു പ്രയോഗത്തിൽ ഉൾക്കൊള്ളിക്കാം. കാരണം, അപ്പാഷേ പറയുന്നത് വേണമെങ്കിൽ ഉത്ഭവസൃഷ്ടി ക്ലോസ്ഡ് സോഴ്സ് ആക്കാമെന്നാണു്. അങ്ങനെ അല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ജിപിഎലിൽ ഇറക്കിയാലും, അപ്പാഷേയുടെ നിബന്ധന ഒന്നും തെറ്റുന്നില്ല. പക്ഷേ തിരിച്ചു് പറ്റില്ല. കാരണം ജിപിഎലിൽ ഇറക്കിയതിന്റെ ഉത്ഭവസൃഷ്ടികൾ അങ്ങനെ തന്നെ വേണമെന്നുണ്ട്. പക്ഷേ അതു് അപ്പാഷേയിൽ എത്തിയാൽ അങ്ങനെ വേണമെന്നില്ല. ഇതു് ജിപിഎലിന്റെ നിബന്ധന തെറ്റിക്കും. അതിനാൽ ജിപിഎലിൽ ഇറക്കിയതു് അപ്പാഷേയിൽ ഉപയോഗിക്കാൻ പറ്റില്ല. പെർമ്മിസീവ് അനുമതിയുടെ ഉത്ഭവസൃഷ്ടികൾ ക്ലോസ്ഡ് സോഴ്സിൽ ആക്കാൻ സാധിക്കും എന്നത് കൊണ്ട് തന്നെ, ഇത് കമ്പനികൾക്ക് പ്രിയപ്പെട്ടതാണ്. ഉദാഹരണം : ആൻഡ്രോയിഡ്
അച്ഛൻ സ്വതന്ത്രനാണെങ്കിൽ തന്നെയും, പിള്ളേരെല്ലാം സ്വതന്ത്രന്മാർ തന്നെയായിരിക്കണമെന്നില്ല. അവർ ക്ലോസ്ഡ് സോഴ്സ് വരെ ആവാം.
GNU Lesser General Public License
അടുത്തതായി, ഗ്നു പുറത്തിറക്കിയതും, എന്നാൽ GPLന്റെ അത്രയും കണിശക്കാരനല്ലാത്തതുമായ ഒരു അനുമതി ആണ്. ഈ അനുമതി, ഒരു സ്വതന്ത്ര പ്രയോഗത്തിനെ (തൽക്കാലം 'ക' എന്ന് വിളിക്കാം) , വേറൊരു സ്വതന്ത്രം/പ്രൊപ്രൈറ്ററി പ്രയോഗത്തിന്റെ (തൽക്കാലം 'ച' എന്ന് വിളിക്കാം) കൂടെ ലിങ്ക് ചെയ്യാൻ (ഒരു ലൈബ്രറി ആയി) അനുവദിക്കുന്നു. ഇങ്ങനെ അനുവദിക്കുന്നത് കൊണ്ട്, 'ച' സ്വതന്ത്ര പ്രയോഗം ആക്കണമെന്നില്ല (അതൊരു ഉത്ഭവസൃഷ്ടി ആവരുത്. അങ്ങനെ ആണെങ്കിൽ, അത് സ്വതന്ത്രമായേ പറ്റൂ). ഇങ്ങനെ ഒരു പ്രൊപ്രൈറ്ററി പ്രയോഗത്തിന്റെ കൂടെ ഉള്ള ലിങ്കിങ്ങ് സമ്മതിക്കുന്നത് കൊണ്ട്, കണിശത കുറയുന്നു. അതിനാൽ Lesser എന്ന പേരും വന്നു. കൂടുതലും ലൈബ്രറികളാണ് (പുസ്തക ലൈബ്രറി അല്ല, ചില പ്രയോഗങ്ങളെ വിളിക്കുന്ന പേരാണ് ലൈബ്രറികൾ എന്ന്)ഈ അനുമതി ഉപയോഗിക്കുന്നത്.
GNU Affero General Public License
GNU GPL സ്റ്റാൻഡ് എലോൺ (ഒരേ സമയം ഒരു കമ്പ്യൂട്ടറിൽ മാത്രം പ്രവർത്തിക്കുന്നതു്) പ്രവർത്തനങ്ങൾ എന്താണോ, അത് തന്നെയാണ് GNU AGPL നെറ്റ്‌വർക്ക് അല്ലെങ്കിൽ വെബ് പ്രവർത്തനംസിന്. ഒരു വെബ് ആപ്പ്ലിക്കേഷന്റെ സോഴ്സ് കോഡ്, അത് ഉപയോഗിക്കുന്ന ഏതൊരു നെറ്റ് ഉപയോക്താവിനും ലഭ്യമാക്കണം എന്നാണ് ഇതിന്റെ നിയമം. എന്ന് വച്ചാൽ, ഇന്റർനെറ്റിൽ അല്ലെങ്കിൽ ലോക്കൽ നെറ്റ്‌വർക്കിൽ Affero GPLലുള്ള ഒരു പ്രയോഗം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ആ പ്രയോഗത്തിന്റെ കോഡ് ആ നെറ്റ്‌വർക്കിലെ ഉപയോക്താക്കൾക്ക് പ്രാപ്യമായിരിക്കണം. ബാക്കി എല്ലാം GNU GPL പോലെ തന്നെ.
ഉദാഹരണം : ലോഞ്ച്പാഡ്
Creative Commons (ക്രിയേറ്റീവ് കോമൺസ്) കുടുംബം
ക്രിയേറ്റീവ് കോമൺസ് അനുമതികൾ കൂടുതലായും കലാപരമായ/സാഹിത്യപരമായ സൃഷ്ടികൾക്കാണ് ഉപയോഗിക്കുന്നത്. ഒരു സൃഷ്ടി, പൊതുസഞ്ചയത്തിൽ ആക്കാനാണ് ഈ അനുമതികൾ ഉപയോഗിക്കുന്നത്. പ്രധാനമായും ഈ അനുമതിക്കു് 4 വിശേഷസ്വഭാവങ്ങൾ (Parameters) നിർദ്ദേശിക്കാം.
- BY - കടപ്പാട് നിർബന്ധം
- NC - Non Commercial - വാണിജ്യപരമായ ഉപയോഗത്തിന് എടുക്കാൻ പാടില്ല
- ND- Non Derivative - ഉത്ഭവസൃഷ്ടി ഉണ്ടാക്കാൻ പാടില്ല. കിട്ടിയത് പോലെ ഉപയോഗിച്ചോണം
- SA - Share Alike - ഏത് അനുമതിയിലാണോ കിട്ടിയത്, അതുപോലെ തന്നെ പുറത്തിറക്കണം
ഈ നാലെണ്ണത്തിന്റെ, വിവിധ സംയുക്തങ്ങൾ കൊണ്ട്, 6 അനുമതികൾ നിർവചിച്ചിട്ടുണ്ട്.
- CC BY - സൃഷ്ടിയിൽ എന്ത് മാറ്റം വേണമെങ്കിലും വരുത്തി പുറത്തിറക്കാം, പക്ഷേ യഥാർത്ഥ രചയിതാവിന് കടപ്പാട് വെക്കണം
- CC BY- SA - സൃഷ്ടിയിൽ എന്ത് മാറ്റം വേണമെങ്കിലും വരുത്തി പുറത്തിറക്കാം, പക്ഷേ യഥാർത്ഥ രചയിതാവിന് കടപ്പാട് വെക്കണം. കൂടാതെ ഉത്ഭവസൃഷ്ടിയും ഇതേ അനുമതി ഉപയോഗിച്ചേ മതിയാവൂ. വിക്കിപീഡിയ, വിക്കിഗ്രന്ഥശാല മുതലായ സംരംഭങ്ങൾ ഈ അനുമതി ആണ് ഉപയോഗിക്കുന്നത്.
- CC BY-ND - സൃഷ്ടിയിൽ നിന്ന് മാറ്റം ഒന്നും വരുത്താതെയും, യഥാർത്ഥ രചയിതാവിന് കടപ്പാട് വച്ചുകൊണ്ടുമുള്ള പങ്കുവെയ്ക്കൽ സമ്മതിക്കുന്നു.
- CC BY-NC - സൃഷ്ടി വാണിജ്യപരമായ ആവശ്യത്തിനൊഴിച്ച് മറ്റേതു ആവശ്യത്തിനും ഉപയോഗിക്കാം, (പങ്കുവെയ്ക്കാം, മാറ്റം വരുത്താം,പുനർനിർമ്മിക്കാം). യഥാർത്ഥ രചയിതാവിന് കടപ്പാട് വെയ്ക്കണം. പക്ഷേ, ഉത്ഭവസൃഷ്ടി ഇതേ അനുമതി ഉപയോഗിക്കണമെന്നില്ല.
- CC BY-NC-SA - സൃഷ്ടി വാണിജ്യപരമായ ആവശ്യത്തിനൊഴിച്ച് മറ്റേതു ആവശ്യത്തിനും ഉപയോഗിക്കാം, (പങ്കുവെയ്ക്കാം, മാറ്റം വരുത്താം,പുനർനിർമ്മിക്കാം). യഥാർത്ഥ രചയിതാവിന് കടപ്പാട് വെയ്ക്കണം. കൂടാതെ ഉത്ഭവസൃഷ്ടി ഇതേ അനുമതി ഉപയോഗിച്ചേ മതിയാവൂ.
- CC BY-NC-ND - ഏറ്റവും കണിശമായ ഒരു അനുമതി ആണിത്. സൃഷ്ടി ഉപയോഗിക്കാം, പങ്കുവെയ്ക്കാം. പക്ഷേ അതിൽ മാറ്റം വരുത്താൻ പാടില്ല, വാണിജ്യപരമായ ആവശ്യത്തിന് ഉപയോഗിച്ചു കൂട. ഇതിനൊക്കെ പുറമേ യഥാർത്ഥ രചയിതാവിന് കടപ്പാടും വെയ്ക്കണം.
GNU Free Documentation License (ഗ്നു സ്വതന്ത്ര ഡോക്യുമെന്റേഷൻ അനുമതി)
ക്രിയേറ്റീവ് കോമൺസ് പോലെ ഈ അനുമതിയും കലാപരമായ/സാഹിത്യപരമായ സൃഷ്ടികൾക്ക് ഉള്ളതാണ്. എന്നാൽ, ഈ അനുമതി താഴെ പറയുന്ന നിബന്ധനകൾ അനുസരിച്ച് മാത്രം ഉപയോഗിക്കേണ്ടതാണ്
- സൃഷ്ടിയുടെ മുൻകാല രചയിതാക്കൾക്ക് എല്ലാവർക്കും കടപ്പാട് കൊടുക്കണം
- സൃഷ്ടിയിൽ വരുത്തുന്ന എല്ലാ മാറ്റവും രേഖപ്പെടുത്തണം
- സൃഷ്ടിയുടെ എല്ലാ ഉത്ഭവസൃഷ്ടികളും ഇതേ അനുമതിയിൽ ആയിരിക്കണം
- ഒറിജിനൽ സൃഷ്ടിയുടെ അനുമതിയുടെ പൂർണ്ണരൂപം, ഉപയോക്താവ് മാറ്റരുതെന്ന് നിർദ്ദേശ്ശിച്ചിട്ടുള്ള ഭാഗങ്ങൾ, വാറന്റി എന്നിവ ഉത്ഭവസൃഷ്ടികളിലും സംരക്ഷിക്കണം.
- സാങ്കേതികപരമായ ഒരു രീതിയിൽ കൂടിയും സൃഷ്ടിയുടെ സ്വതന്ത്രമായ പങ്കുവെയ്ക്കൽ തടസ്സപ്പെടുത്താൻ പാടില്ല.
സൃഷ്ടി സ്വതന്ത്രമായി ഉപയോഗിക്കാം, മാറ്റം വരുത്തം, വാണിജ്യപരമായ ആയോ അല്ലാതെയോ പങ്കുവെയ്ക്കാം. എന്നാൽ, വാണിജ്യപരമായ ആയി പങ്കു വെയ്ക്കുമ്പോൾ കോപ്പികളുടെ എണ്ണം 100ൽ കൂടുതൽ ആണെങ്കിൽ, യഥാർത്ഥ കൃതി/സോഴ്സ് കോഡ് കൂടി ഉപയോക്താവിന് ലഭ്യമാക്കണം. ഈ അനുമതി വാണിജ്യപരമായ ഉപയോഗത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതാണ്. ഒരു പ്രസാധകന്, ഒരു കൃതി, യാതൊരു ബാധ്യതയും (പണത്തിന്റെ കാര്യത്തിൽ അല്ല, അനുമതിയുടെ കാര്യത്തിൽ) കൂടാതെ പ്രസിധീകരിക്കാൻ സാധിക്കുന്നു.
എന്നിരുന്നാലും, GFDL ഒരു സ്വതന്ത്ര അനുമതി അല്ലെന്ന് വാദിക്കുന്നവരും ഉണ്ട്. അവർ ഉന്നയിക്കുന്ന വാദങ്ങൾ ഇവയാണ്.
- മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളിൽ നാലാമത്തേത്, ഉപയോക്താക്കളുടെ "മാറ്റം വരുത്താൻ" ഉള്ള അവകാശത്തിനുമേൽ യഥാർത്ഥ സൃഷ്ടാവിന് കടന്നു കയറാൻ അനുവാദം കൊടുക്കുന്നു. ഇത് സ്വാതന്ത്ര്യത്തിനെതിരാണ്.
- മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളിൽ അഞ്ചാമത്തേത്, മാറ്റം വരുത്തിയ സ്വകാര്യ കോപ്പികൾ സൂക്ഷിക്കുന്നതിനു വരെ വിരുദ്ധമായേക്കാം. ഇതും സ്വാതന്ത്ര്യത്തിനെതിരാണ്.
സ്വതന്ത്ര അനുമതികളിൽ പ്രമുഖമായവയെ നമ്മൾ പരിചയപ്പെട്ടു കഴിഞ്ഞു. എന്നാൽ കഴിയുന്ന രീതിയിൽ വിശദീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലും അനുമതിയെ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്. ഈമെയിൽ വിലാസം : c.balasankar@gmail.com
പദസൂചിക
അനുമതി - License
ഉത്ഭവസൃഷ്ടി - Derivative Work
വാണിജ്യപരമായ - Commercial
സംയുക്തം - Combination
കടപ്പാട് : അഖിൽ കൃഷ്ണൻ എസ്, വിക്കിപീഡിയ, ക്രിയേറ്റീവ് കോമൺസ് വെബ്സൈറ്റ്, ഫ്രീ പ്രയോഗം ഫൗണ്ടേഷൻ വെബ്സൈറ്റ്.