Balasankar C

Balasankar C

Geek. Freedom. Privacy.

Home | Blog | Talks | Setup | Feed

എന്റെ ആദ്യത്തെ വിക്കി ആഘോഷം

പ്രിയപ്പെട്ടവരെ,
ഈ കഴിഞ്ഞ ഞായറാഴ്ച (23/10/2012) ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യ വിക്കി ആഘോഷത്തില്‍ പങ്കെടുത്തു. മലയാളം വിക്കിപീഡിയയുടെ പത്താം വാര്‍ഷികം ആയിരുന്നു അത്.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങ്. ഓണ്‍ലൈനില്‍ കൂടി മാത്രം പരിചയം ഉണ്ടായിരുന്ന മനോജേട്ടം, അഖിലന്‍ എന്നിങ്ങനെ കുറേ പേരെ അവിടെ വച്ച് "ജീവനോടെ" കാണാന്‍ സാധിച്ചു.
രാവിലെ 10.00 മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ശ്രീ. പ്രകാശ് ബാരെ, ശ്രീ. ബാലചന്ദ്രന്‍ (ബാബുജി), ശ്രീ. സഹദേവന്‍ എന്നിവരായിരുന്നു മുഖ്യാതിഥികള്‍. ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത് ശ്രീ. കെ ജയകുമാറിനെ ആയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ കാരണം അദ്ദേഹത്തിന് എത്തി ചേരാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മലയാളത്തിലെ ഏറ്റവും തല മുതിര്‍ന്ന വിക്കിപീഡിയനായ ബാബുജി ചടങ്ങുകള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ശ്രീ. പ്രകാശ് ബാരെ, ശ്രീ. സഹദേവന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. അതിനു ശേഷം ശ്രീമതി. നതാ ഹുസൈന്‍ വിക്കിപീഡിയ വിഹഗവീക്ഷണം എന്ന വിഷയത്തില്‍ സംസാരിച്ചു. ശേഷം കണ്ണന്‍ മാഷ് വിക്കിഗ്രന്ഥശാലയെ കുറിച്ചു സംസാരിച്ചു... (സത്യം പറഞ്ഞാല്‍ ഞങ്ങള്‍ പുറകില്‍ ഭയങ്കര സംസാരം ആയിരുന്നു, അതുകൊണ്ട് ഒന്നും കേട്ടില്ല, കണ്ണന്‍ മാഷ് ക്ഷമിക്കുക... :) ). അതിനു ശേഷം ചെറിയ ഒരു പരിചയപ്പെടുത്തല്‍ ആയിരുന്നു. സമയക്കുറവു മൂലം എല്ലാവരേയും പരിചയപ്പെടാന്‍ പറ്റിയില്ല. ഉച്ചക്ക് ശേഷം വിക്കിപീഡിയ പഠനശിബിരം, "വിക്കിപീഡിയയും മലയാളം കമ്പ്യൂട്ടിംഗും" എന്ന വിഷയത്തില്‍ സിമ്പോസിയം എന്നിവ നടന്നു. ഇതിനിടെ ശ്രീ. കെ വേണു ആഘോഷത്തിന്റെ ഭാഗമായി പിറന്നാള്‍ കേക്ക് മുറിക്കുകയും, സ്വന്തമായി ഒരു വിക്കി അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തു. വൈകിട്ട് 5 മണിയോട് കൂടി ആഘോഷങ്ങള്‍ അവസാനിച്ചു.
ഈ ചടങ്ങിന്റെ ഭാഗമായി, പല ടെക്നികല്‍ മേഖലകളിലും അവഗാഹമായ ജ്ഞാനമുള്ള ഒട്ടനവധി പേരെ കാണാനും, അവരുമായി സമയം ചിലവഴിക്കാനും സാധിച്ചു. വളരെ നല്ല ഒരനുഭവമായിരുന്നു അത്.

ഈ പരിപാടി കൊള്ളാം... :)

PS: പറയാന്‍ മറന്നു പോയി, ഒരു സ്റ്റിക്കറും കിട്ടി... അതും കലക്കി... ;)