Balasankar C

Balasankar C

Geek. Freedom. Privacy.

Home | Blog | Talks | Setup | Feed

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം @ തൃശ്ശൂർ

ഇന്ന് (സെപ്റ്റംബര്‍ 21, 2013) ലോകത്ത് എമ്പാടും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍, തൃശ്ശൂര്‍ സാഹിത്ര അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ വെച്ച്, സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം വളരെയധികം ഭംഗിയായി ആഘോഷിച്ചു. ശ്രീ കെ വേണു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍, തൃശ്ശൂര്‍ പിജി സെന്ററിലെ രഞ്ജിത്ത് മാഷ് ആയിരുന്നു അദ്ധ്യക്ഷൻ. വേണുമാഷ് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക മാനങ്ങളെ പറ്റിയും, സുതാര്യത, സ്വകാര്യത എന്നിവയെ പറ്റിയും അത്യാവശ്യം ആഴത്തില്‍ തന്നെ സംസാരിച്ചു. DAKFനെ പ്രതിനിധീകരിച്ച് സുദര്‍ശൻ മാഷും, പരിഷത്തിനെ പ്രതിനിധീകരിച്ച് സുധീര്‍ മാഷും പങ്കെടുത്തു.എം ഇ എസ് എഞ്ചി. കോളേജിലെ അധ്യാപകന്‍ ഡോ. സികെ രാജു,കവി അന്‍വര്‍ അലി എന്നിവരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തെ കുറിച്ചും, അതിന്റെ നിരവധി മാനങ്ങളെ കുറിച്ചും സംസാരിച്ചു. സ്വമകയെ കുറിച്ചും, ലാംഗ്വേജ് കമ്പ്യൂട്ടിങ്ങിനെ കുറിച്ചും അനിവര്‍ ഒരു ആമുഖപ്രസംഗം നടത്തി. അതിനു ശേഷം മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഇടപെടലുകള്‍ എന്ന വിഷയത്തെ കുറിച്ച് എന്റെ വക ഒരു പ്രെസന്റേഷൻ ഉണ്ടായിരുന്നു ( http://balasankarc.in/smc/ ). ഹൃഷി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ച ശില്‍പ എന്ന വെബ് ഫ്രെയിംവര്‍ക്കിനെ പറ്റി വിശദീകരിച്ചു. പ്രവീണേട്ടൻ ഡയാസ്പുറ, അത് മുന്നില്‍ വെക്കുന്ന സ്വകാര്യതാ-സംരക്ഷണം എന്നിവയെ പറ്റി സംസാരിച്ചു. പ്രവീണേട്ടൻ, അനിവര്‍, വേണു മാഷ് എന്നിവര്‍ സ്വകാര്യത സുതാര്യത എന്നിവയെ പറ്റി ഒരു ചെറിയ (തീരെ ചെറിയ) സംവാദത്തില്‍ ഏര്‍പ്പെട്ടെങ്കിലും, പെട്ടെന്ന് തന്നെ തിരിച്ച് ഡയാസ്പുറയിലേക്ക് എത്തി. അതിനു ശേഷം മലയാളം വിക്കി പ്രവര്‍ത്തകനായ അല്‍ഫാസ്, വിക്കിയെ കുറിച്ചും, സ്വതന്ത്ര വിജ്ഞാനത്തെ കുറിച്ചും സംസാരിച്ചു. ഊണിനു ശേഷം സ്വമകയുടെ 12ആം വാര്‍ഷികത്തിനെ പറ്റിയുള്ള ചര്‍ച്ചകളും, വാര്‍ഷികത്തിന്റെ വെബ്സൈറ്റിന്റെ ( http://12.smc.org.in ) പ്രകാശനവും നടന്നു.

ചിത്രങ്ങള്‍

[gallery ids="455,456,457,458,459,460,465"]